ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ രോഹിത് ചൗധരിയുടെ സംഘാംഗവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ആസാദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ തപുകരയിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
നിരവധി കൊലപാതക ശ്രമങ്ങൾ, കവർച്ച, മോഷണം, ആയുധ നിയമപ്രകാരം തുടങ്ങി 18 കേസിൽ ഇയാൾ പ്രതിയാണ്. ഇതിൽ അഞ്ചോളം കേസുകളിൽ പിടികിട്ടാപ്പുള്ളിയാണെന്നും ഗുണ്ടാസംഘാംഗങ്ങൾക്ക് അനധികൃത തോക്കുകൾ എത്തിച്ചുനൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നയാളാണ് ആസാദെന്നും പോലീസ് പറഞ്ഞു.
ഒരു വർഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതിക്കായി ഡൽഹി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. പ്രതിയെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇയാളെ വളയുകയായിരുന്നു. പോലീസിനെ കണ്ടതോടെ സമീപത്തെ കെട്ടിടങ്ങളിലേക്ക് ചാടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായ നീക്കത്തിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു.
2017 കവർച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാളും കുടുംബാംഗങ്ങളും ചേർന്ന് പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം തകർത്ത് രക്ഷപ്പെടുകയുമായിരുന്നു.